Sunday, August 2, 2015

Kathmandu, Nepal

Nepal Package Tour


Gorakhpur - Sunouli - Lumbini - Pokhara - Kathmandu


25-Mar-2015 to 05-Apr-2015


by
K. G. Nair & Lakshmi G. Nair
Kombiyil K.G. Nivas
Amala Nagar, Thrissur
9446085307


25-Mar-2015
ഉച്ചക്ക് 11:45ന് തൃശൂരിൽ നിന്നും ഗോരഖ്പൂരിലെക് ട്രെയിൻ നമ്പർ 12511 രപതിസാഗർ എക്സ്പ്രെസ്സിൽ യാത്ര പുറപ്പെട്ടു . 26.3.2015 യാത്ര തുടരുന്നു. 27. 3. 2015 യാത്ര തുടരുന്നു. എന്നാൽ 27.3.2015 ന് വൈകിയിട്ട് 15.30 നു ഗോരഖ്പൂരിൽ  എത്തേണ്ട ട്രെയിൻ ജാൻസി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു 100 കി. മീറ്റർ ഉള്ളപ്പോൾ tankwagon goods train പാളം തെറ്റിയതു കാരണം 15 മണിക്കൂർ വൈകി 28. 03. 2015 നു രാവിലെ 6.00 മണിയോടുകൂടി Gorakhpur റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയതിനു ശേഷം സത്യം ടൂർ ട്രാവെൽസിന്റെ ഗൈഡും എ.സി. ബസും റെഡിയായി നിൽപ്പുണ്ടായിരുന്നു. നേപ്പളിലോട്ടു കടക്കുമ്പോൾ അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത് സത്യം ടൂർ ട്രാവെൽസ് ആണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും kathmandu വിലേക്ക് യാത്ര പുറപ്പെട്ടു. പോകുന്ന വഴിയിൽ നേപ്പാൾ ബോർഡറിൽ പ്രവേശിച്ചതിനു ശേഷം ചെക്ക്‌ പോസ്റ്റിൽ വളരെയധികം വണ്ടികൾ ലൈനിൽ ചെക്കുചെയ്യുന്നതിനു വേണ്ടി കാത്തു കിടപ്പുണ്ടാകും. ഓരോരോ വണ്ടികൾ ചെക്കിങ്ങ് കഴിഞ്ഞു വരുമ്പോൾ കുറച്ചു സമയം എടുക്കും. അതെല്ലാം കഴിഞ്ഞ് വീണ്ടും യാത്ര പുറപ്പെട്ട് Sounoli എന്ന സ്ഥലത്ത് എത്തി. അവിടെയുള്ള Mahathma Hotel ൽ കുളിയും രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റും കഴിഞ്ഞതിനു ശേഷം വീണ്ടും യാത്ര പുറപ്പെട്ടു. പോകുന്ന വഴിയിൽ രണ്ടു ഭാഗത്തും കാടുകളും കൊക്കകളും വളവും തിരിവും ചുരവും ഉള്ള സ്ഥലത്തു കൂടിയാണ് ബസ്‌ പോകുന്നത്. പോകുന്ന വഴിയിൽ നാരായണി നദി കാണാം. narayangra എന്നാ സ്ഥലത്ത് കൂടിയാണ് kathmandu വിൽ എത്തിച്ചേർന്നത്.

29-Mar -2015 
എവറസ്റ്റ്‌ കൊടുമുടി കാണുന്നതിനു വേണ്ടി kathmanduവിൽ ഉള്ള ത്രിഭുവൻ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടു. വിമാനത്താവളത്തിൽ എത്തിയതിനു ശേഷം ടിക്കറ്റ്‌ പരിശോധനയും ബോർഡിംഗ് പാസ്‌ എടുക്കലും എല്ലാം കഴിഞ്ഞു പ്ലയിനിൽ കയറി ഇരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ 35 പേർ ഉള്ളതിൽ 17 പേർ മാത്രമേ എവറസ്റ്റ്‌ കാണുവാൻ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ ലോഡ്ജിൽ തന്നെ ഞങ്ങൾ മടങ്ങി വരുന്നതുവരെ റെസ്റ്റ് ചെയ്തു. എവറസ്റ്റ്‌ കാണുന്നതിനു പ്രത്യേകം പ്ലയിൻ ചാർജായ. Rs. 7500 / വെച്ച് ഓരോരുത്തരും കൊടുക്കണം. 17 പേർക്ക് ഇരിക്കാവുന്ന പ്ലയിൻ ആയിരുന്നു. വിമാനത്തിന്റെ രണ്ടു സൈഡിലും ഉള്ള ഗ്ലാസ്സിൽക്കൂടി വേണം എവറസ്റ്റ്‌ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും. വിമാനത്തിന്റെ ഉള്ളിലുള്ള ഫോട്ടോ  പൈലറ്റിന്റെ കൈവശം ക്യാമറ കൊടുത്താൽ ഫോട്ടോകൾ എടുത്തുതരും. പല പേരിലും ഉള്ള കൊടുമുടികൾ നിരന്നു നിരന്നു കിടക്കുന്നത് കാണാൻ കഴിയും. വിമാനം എവറസ്റ്റിന്റെ മുകളിൽ അടുത്തു കൊണ്ടു പോയി താഴത്ത് മറ്റു വണ്ടികൾ നിറുത്തുന്ന മാതിരി വളരെയധികം സമയം വായുവിൽ നിറുത്തിയിടും. എവറസ്റ്റ്‌ കൊടുമുടികളിൽ കാലുകുത്താൻ സാധിച്ചില്ല. എങ്കിലും വിമാനത്തിൽ ഇരുന്നു അടുത്ത് പോയി കാണാൻ സാധിച്ചത് മഹാദേവന്റെ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് എന്ന് വിശ്വസിക്കുന്നു. കുറഞ്ഞത്‌ ഒരു മണിക്കൂർ സമയം എടുത്തു എല്ലാം കഴിഞ്ഞ് താഴെ ഇറങ്ങുന്നതിന്. നല്ല അന്തരീക്ഷം ആണെങ്കിൽ മാത്രമേ ഇതെല്ലാം കാണുവാനും മറ്റും സാധിക്കുകയുള്ളൂ. ഞങ്ങൾ പോയ സമയം നല്ല അന്തരീക്ഷം തന്നെ ആയിരുന്നു. മഞ്ഞ്‌ ഉണ്ടെങ്കിൽ ഇതൊന്നും കാണുവാൻ സാധിക്കുകയില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ്‌ കൊടുമുടിയും നേപ്പാളിൽ ആണ്. മഹാദേവന്റെ കണ്ണ് എന്നറിയപ്പെടുന്ന രുദ്രാക്ഷത്തിന്റെ ജന്മദേശവും മഹാവിഷ്ണുവിന്റെ ചൈതന്യം അടങ്ങിയിരിക്കുന്ന സാള ഗ്രാമത്തിന്റ ഉത്ഭവസ്ഥാനവും നേപ്പാളിൽ ആണ്. രുദ്രാക്ഷം ഉണ്ടാവുന്ന മരങ്ങളും ഇവിടെ കാണാൻ കഴിയും. പാർവതി പരമാശിവന്മാരുടെ വാസ സ്ഥലമായ കൈലാസത്തിലേക്ക് പോകുന്ന തീർഥാടകർ അധികവും നേപ്പാൾ വഴിയാണ് പോകുന്നത്. എല്ലാം കൊണ്ടും ധന്യമായ പുണ്യ ഭൂമിയിൽ ദർശിക്കുവാൻ ഭഗവാൻ നമുക്കു തന്ന ഭാഗ്യം ഹിമാലയം പോലെ തന്നെ വലിയ ഒരു മഹാഭാഗ്യം തന്നെയാണ്. പിന്നീട് ഞങ്ങൾ പോയത് kathmandu പശുപതിനാഥക്ഷേത്രം , ശിവജി ടെമ്പിൾ മുതലായവ ദർശനം നടത്തി. ഇവിടെ ദർശനം ചെയ്താൽ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലും ചാർദാം ക്ഷേത്രങ്ങളിലും ദർശനം ചെയ്തതിന്റെ പുണ്യം ഇവിടെ ദർശനം ചെയ്താൽ കിട്ടും എന്നാണ് വിശ്വാസം. ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ കേദാർനാഥിൽ ദർശനം ചെയ്തു കഴിഞ്ഞാൽ kathmandu പശുപതിനാഥ ക്ഷേത്രത്തിലും ദർശനം നടത്തണം. എന്നാലെ കേദാർനാഥ് ക്ഷേത്രദർശനം പൂർത്തിയാവുകയുള്ളൂ. പശുപതിനാഥ് ക്ഷേത്രത്തിന്റെ മേൽക്കൂര സ്വർണത്തിൽ നിർമിച്ചതാണ്. ക്ഷേത്രത്തിന്റെ മേൽക്കൂര വളരെ ദൂരെ നിന്നു തന്നെ കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ മുൻപിലായി 15 അടിയോളം ഉയർന്ന പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന നന്ദി വിഗ്രഹത്തിന്റെ മേൽക്കൂര സൗന്ദര്യം എത്ര നേരം കണ്ടു നിന്നാലും മതി വരുകയില്ല. ക്ഷേത്രത്തിൽ 4:00 മണി മുതൽ പൂജ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ വലതു വശത്തുള്ള പടികൾ കയറി ദർശനം നടത്തിയ ശേഷം ഇടതു ഭാഗത്തു കൂടി ഇറങ്ങി പോരണം. പശുപതി സന്നിധിയിൽ ഭാഗുതി നദിക്കരയിൽ ശവദാഹം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്നു. നദിക്കരയിൽ അനേകം സന്യാസിമാർ ധ്യാനത്തിൽ ഇരിക്കുന്നതു കാണാം. പശുപതി ക്ഷേത്രത്തിലും പൂജാവിധികൾ ഏർപ്പെടുത്തിയിട്ടുള്ളത് ജഗദ്‌ ഗുരു ശങ്കരാചാര്യ സ്വാമിയാണ്. കർണാടകയിൽ നിന്നുള്ള ലിംഗായത്ത് വിഭാഗത്തിൽ പെട്ടവരാണ് പൂജാരികൾ. ശിവലിംഗ പ്രതിഷ്ഠക്ക് ഏകദേശം ഒന്നേകാൽ മീറ്റർ ഉയരം വരും. ശിവലിംഗത്തിന്റെ നാലു വശത്തും പ്രത്യേക മുഖങ്ങൾ ആണ് ഉള്ളത്. മുകളിലും മുഖം ഉണ്ട്. അഞ്ചു മുഖം ഉള്ളതിനാൽ അഞ്ചു പ്രാവശ്യം വലം വയ്ക്കണം. ശ്രീകോവിലിനകത്തേക്ക് തീർഥാടകർക്ക് പ്രവേശനം ഇല്ല. ശ്രീകോവിലിൽ നാലു നടകൾ ഉണ്ട്. നാലു പൂജാരികളും പൂജക്ക്‌ ഉണ്ട്. പൂജാരികൾ ചുവന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കുകയുള്ളൂ. പുറത്തു വേറെ ചെറിയ 800 ശിവലിംഗ പ്രതിഷ്ഠകൾ കാണാം. അവിടെ തന്നെയുള്ള ഗുഹേശ്വരി ദർശനവും ബോധനാഥ ദർശനവും ജലനാരായണൻ (ബുദ്ധനീലകണ്ഠൻ ) ദർശനവും നടത്തി. തടാക ജലത്തിൽ ശയിക്കുന്ന രീതിയിലാണ്‌ ബുദ്ധനീലകണ്‌ഠ പ്രതിഷ്ഠ. മുഖവും ശിരസ്സും ജലത്തിന്റെ മുകളിൽ പൊങ്ങി കാണാം. ക്ഷേത്രങ്ങളുടെ ചുറ്റും ഒരു വലിയ നഗരം തന്നെയാണ്. യാതൊരു വിധ കലർപ്പും ഇല്ലാത്ത രുദ്രാക്ഷം വിൽക്കുന്ന ധാരാളം കടകൾ ക്ഷേത്രത്തിനു ചുറ്റുമായിട്ടുണ്ട് . 

30.03.2015
അതിരാവിലെ തന്നെ സണ്‍ റൈസ് കാണുവാൻ നാഗർകൊട്ടിലെക്കു യാത്ര തിരിച്ചു. പൊക്രയിൽ ഏറ്റവും പൊക്കം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ്. സൂര്യോദയം കാണുവാൻ നല്ല തിരക്ക് ആയിരിക്കും. അതിരാവിലെ ആയ കാരണം തണുപ്പ് അനുഭവപ്പെടും. അതിനാൽ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞിരിക്കണം. ഈ കുന്നിന്റെ മുകളിലേക്ക് വലിയ വാഹനങ്ങൾ ഒന്നും പോകുകയില്ല. പിന്നീട് ദർബാർ സ്ക്വയറിലേക്ക് യാത്ര തിരിച്ചു. ഈ സ്ക്വയറിനു സമീപത്ത്  നേപ്പാളിലെ മന്ത്രവാദികൾ ചുറ്റി പറ്റി കറങ്ങി നടക്കുന്നത് കാണാം. ഇവരെല്ലാം നല്ല ആരോഗ്യം ഉള്ളവരും പല തരത്തിലുള്ള വസ്ത്രം ധരിക്കുന്നവരുമാണ്. ദർബാർ സ്ക്വയർ കാണാൻ മനോഹരമാണ്. ദർബാർ സ്ക്വയറിൽ ഒരു ഹനുമാന്റെ ശിലാ വിഗ്രഹം കാണാം. ഹനുമാന്റെ ഇരുവശത്തും കരിങ്കല്ലു കൊണ്ടുള്ള രണ്ടു സിംഹങ്ങളെ കാണാം. ഒന്നിൽ ശിവനും മറ്റൊന്നിൽ പാർവ്വതിയും. ദർബാർ സ്ക്വയർ കെട്ടിടത്തിന്റെ മുകളിൽ ഒരു സുന്ദരി പെണ്‍കുട്ടി വന്നിരിക്കുന്ന സ്ഥലം ഉണ്ട് . ദേവി വന്നു ദർശനം തരുന്നതയിട്ടാണ് സങ്കൽപം . ഇരിക്കുന്ന സ്ഥലത്തിന്റെ പേര് കുമാരിഗർ എന്നാണ് പറയുന്നത് . ദർശനം കിട്ടുന്നതിനു വേണ്ടി വളരെയധികം തീർത്ഥാടകർ നിൽപ്പുണ്ടാകും. ദർശനം നൽകുന്നതിനുവേണ്ടി കെട്ടിടത്തിന്റെ മുകളിൽ വളരെ കുറച്ചു സമയമേ ഇരിക്കുകയുള്ളൂ. കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി കണ്ടു കഴിഞ്ഞാൽ എണീറ്റു പോകും. അവിടെ നിന്നും  kathmandu ത്രിഭുവൻ വിമാനത്താവളത്തിലേക്ക് യാത്ര തുടർന്നു. വിമാനത്താവളത്തിൽ എത്തിയതിനു ശേഷം പൊക്കറോ എയർ പോർട്ടിലേക്ക് വിമാനത്തിൽ യാത്ര ചെയ്തു. രണ്ടു ചെറിയ വിമാനങ്ങൾ ആയിരുന്നു. അര മണിക്കൂർ സമയം കൊണ്ട് എയർ പോർട്ടിൽ എത്തിച്ചേർന്നു. 

31.03.2015 
രാവിലെ തന്നെ വിദ്യവാസിനി ടെമ്പിൾ ദർശനം നടത്തുന്നതിന് പുറപ്പെട്ടു. അമ്പലത്തിൽ എത്തിയ ശേഷം വളരെയധികം പടികൾ കയറണം. അമ്പലത്തിലെ പ്രതിഷ്ഠ രാധയാണ്. കൃഷ്ണനും അടുത്ത് തന്നെയുണ്ട്. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ മംഗള കർമങ്ങൾ എത്രയും പെട്ടന്ന് നടക്കും എന്നാണ് വിശ്വാസം. വളരെയധികം പ്രകൃതി സൗന്ദര്യവും ഭക്തി നിർഭരവുമയി തിരക്കേറിയ പുരാതന ക്ഷേത്രവും ഉറച്ച വിശ്വാസവും വിജയ സാദ്ധ്യതയും പ്രതേക അനുഗ്രഹവും ഇവിടെ നിന്നും ലഭിക്കുവാൻ സാധിക്കും. പിന്നീട് സേദി നദിയിൽ എത്തി. സേദി നദി ഒരു ഗുഹക്കുള്ളിൽ നിന്നും ഇരചിറങ്ങി വിശാലവും അഗാധവുമായ ഒരു ജലാശയം രൂപപ്പെട്ടിരിക്കുന്നു. മറു വശത്ത് ഒരു പാറയുടെ പിളർപ്പിൽ കൂടി ഈ നദി വീണ്ടും അപ്രത്യക്ഷമാകുന്നു. ഈ നദികൾക്ക് കുറുകെ ഒരു നടപ്പാലവും ഉണ്ട്. അടുത്ത് പൊക്കറയിൽ നിന്നും 2 കിലോമീറെർ ദൂരത്തു സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്  ഡേവിൻസ് ഹാൾ. ലോക ടൂറിസം ഭൂപടത്തിൽ ഏറ്റവും വലിയ ഗുഹകളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വെള്ളച്ചാട്ടമാണ്  ഡേവിൻസ് ഹാൾ. ഫേവാ തടാകത്തിൽ നിന്നും ഒരു ഭൂഗർഭ ഗുഹയിൽ കൂടി കഷ്ട്ടിച്ചു 1 കിലോമീറ്റെർ സഞ്ചരിച്ച് എത്തുന്ന വെള്ളമാണ് ഡേവിൻസ് ഹാളിലെ വെള്ളച്ചാട്ടമായി കാണുന്നത്. ഈ വെള്ളം ഒരു ഇടുങ്ങിയ ഗർത്തത്തിലൊട്ടു പതിച്ച് അപ്രത്യക്ഷമാവുകയാണ്. ഇതിന്റെ ആഴമോ നീളമോ ഒന്നും തന്നെ അറിയില്ല. ഡേവിൻസ് ഹാളിൽ നിന്നും കുറച്ചു ദൂരെയാണ് ഫേവാ തടാകം. തടാകത്തിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ ദ്വീപ്‌ ഉണ്ട്. ഈ ദ്വീപിൽ പ്രശസ്തമായ ഭാരതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ദ്വീപിൽ പോയി വരുന്നതിനു ബോട്ട് സർവിസ് ഉണ്ട്. തന്നെത്താനെ തുഴഞ്ഞു പോകുന്നതിനു വള്ളങ്ങളും ഉണ്ട്. ദ്വീപിലേക്ക് വരുന്നതിനു വേറെ റോഡുകൾ ഒന്നും തന്നെ ഇല്ല. അമ്പലത്തിന്റെ ചുറ്റും വെള്ളമാണ്. ചെറിയ ബോട്ടുകൾ ആണ്. ഓരോ ബോട്ടിലും ആറ് ഏഴ് പേരെ വീതം കയറ്റി തുഴഞ്ഞ് കരക്ക്‌ അടുപ്പിക്കുന്നതിനു ബോട്ടിൽ ജോലിക്കാർ ഉണ്ട്. അവർക്ക് കൗണ്ടറിൽ നിന്നും എടുത്തിട്ടുള്ള ടിക്കറ്റ്‌ കൊടുക്കണം. ദർശനം കഴിഞ്ഞു തിരിച്ചു ഇപ്പുറം എത്തിക്കുകയും ചെയ്യും. അമ്പലത്തിന്റെ അടുത്തു തന്നെ പഴക്കം നിശ്ചയിക്കുവാൻ പറ്റാത്ത ഒരു താൽ മരം നിൽപ്പുണ്ട്. താൽ മരത്തിന്റെ ചുവട്ടിലാണ് ക്ഷേത്രം നിൽക്കുന്നത്. തടാകത്തിന്റെ ചുറ്റിലും കടകളും ആൾതാമസവും ഉണ്ട്. 

1. 04. 2015 
മനക്കാമല ക്ഷേത്രത്തിലേക്ക് രാവിലെ തന്നെ യാത്ര പുറപ്പെട്ടു. ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  kathmandu ഗുർഗാഹൈവെയിൽ ഒരു വലിയ കുന്നിൽ മുകളിൽ ആണ് അതിപുരാതന ക്ഷേത്രം ഉള്ളത്. ഈ ക്ഷേത്രത്തിനു സമീപത്തുകൂടി ഗണ്ഡകി നദിയുടെ പോഷകനദിയായ ത്രിശൂലി നദി ഒഴുകുന്നു. ഈ ക്ഷേത്രത്തിൽ ഉദ്ദിഷ്ടകാര്യം സാധിച്ചവരുടെയും നേർച്ചക്കാരുടെയും മറ്റു തീർത്ഥാടകരുടെയും തിരക്കായിരിക്കും. ക്ഷേത്രത്തിൽ എത്താനുള്ള എളുപ്പ മാർഗം റോപ് വെ വഴിയാണ്. റോപ് വെ വഴിയുള്ള ദൂരം 3.2 കിലോമീറെർ വരും. മൂന്നു മലകൾ കടന്നു പോകണം. റോപ്പിലുള്ള ഓരോ പെട്ടിയിലും കുറഞ്ഞത്‌ ആറുപേർ വീതം ഇരിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. റോപ് വഴി പെട്ടികൾ ചുറ്റിവന്നാൽ വേഗം തന്നെ കയറണം. പെട്ടികൾ വഴിക്കുവഴി വന്നുകൊണ്ടിരിക്കും. പെട്ടിയിൽ കയറി പോയികൊണ്ടിരിക്കുമ്പോൾ താഴോട്ട് നോക്കിയാൽ കാടുകളും പ്രകൃതി സൗന്ദര്യങ്ങളും കണ്ട് ആസ്വദിക്കാൻ കഴിയും. പേടിയും തോന്നും. ഈ റോപ് വേയിൽ ആട് , കോഴി മുതലായവയെ കൊണ്ടുപോകുന്നതിന് പ്രത്യേകം പെട്ടികൾ തന്നെ ഉണ്ട്. ആ പെട്ടിയിൽ ആൾക്കാരെ കയറ്റുകയില്ല. ഈ ക്ഷേത്രത്തിൽ ആട്, കോഴി മുതലായവയെ ബലി അർപ്പിക്കുന്നത് നേരിൽ കാണാം. ബലിയർപ്പിക്കുന്നത് ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കുന്നതിനും മറ്റുമാണ്. പൊതുവെ എല്ലാ ഭക്ത ജനങ്ങൾക്കും വലിയ ഭക്തിയും വിശ്വാസവും ഉള്ള അമ്പലം തന്നെയാണ് മനക്കാമല ടെമ്പിൾ. താഴത്തുനിന്നും കുറഞ്ഞത്‌ 1300 അടി പൊക്കമുള്ള മലമുകളിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. 

2. 04.2015  
Sunouliയിൽ നിന്നും Lumbiniയിലേക്ക്. ഭഗവൻ ശ്രീ ബുദ്ധദേവന് ജന്മം നൽകിയ പുണ്യഭൂമിയാന്ന് Lumbini. പണ്ട്‌ മൂഗൾമാരുടെ ആക്രമണത്തിൽ ഈ കൊട്ടാരം നശിച്ചുപോയി. കുറഞ്ഞത്‌ ആയിരം വർഷങ്ങൾക്കുമേൽ  പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ അടിത്തറ ഇന്നും സംരക്ഷിച്ചു പൂജാദികർമ്മങ്ങൾ നടത്തിവരുന്നു. ഈ സ്ഥലത്ത് പുരാതനകാലത്തെ അടിത്തറയിൽ അധൂനിക രീതിയിൽ ഒരു ക്ഷേത്രം പണിതിട്ടുണ്ട്. ഇവിടെ എത്തുന്ന  ബുദ്ധമത വിശ്വാസികൾ ഈ മണ്ണിനെ തൊട്ട് നമസ്കരികൂകയും കുറച്ച്  മണ്ണ്‍ എടുത്തുകൊണ്ട് പോകുന്ന കാഴ്ചയും കാണാം. ഇതിനു നടുവിൽ ഒരു കനാലും ഉണ്ട്. വേറെയും പലവിധ ബുദ്ധവിഹാരങ്ങൾ കാണാൻ കഴിയും. ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിന് മൂന്നു കിലോമീറെർ ദൂരം വലിയ വണ്ടികൾ ഒന്നും തന്നെ വരികയില്ല. ചെറിയ ടാറ്റാ സുമോ കാർ മാത്രമേ വരികയുള്ളൂ. ധാരാളം സന്യാസിമാർ ഇവിടെ ഇരിപ്പുണ്ടാകും. ഇവിടെ നേപ്പാളിലെ കാലാവസ്ഥ പൊതുവെ തരക്കേടില്ല. കൂടുതൽ തണുപ്പും ഇല്ല ചൂടും ഇല്ല അങ്ങിനത്തെ ഒരു അന്തരീക്ഷം ആയിരുന്നു. ഞങ്ങൾ നേപ്പാളിൽ ഉള്ളപ്പോൾ ഒരു ദിവസം തരക്കേടില്ലാത്ത മഴ പെയ്തു. മഴ പെയ്തപ്പോൾ നല്ല തണുപ്പ് അനുഭവപെട്ടു. നേപ്പാളിൽ ധാരാളം കൃഷി സ്ഥലങ്ങൾ ഉണ്ട്. ഉരുളക്കിഴങ്ങ്, കോളിഫ്ലവർ അങ്ങിനെ പലതരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വ്യവസായ ശാലകൾ വളരെ കുറവാണ്. വീടുകൾ കൂടുതലും ഷീറ്റുകൾ മേഞ്ഞതാണ്. നല്ല കെട്ടിടങ്ങളും ഉണ്ട്. നേപ്പാളിൽ ജോലി ചെയ്താൽ കൂലി വളരെ കുറവുള്ളതു കൊണ്ടാണ് കേരളത്തിൽ ഇത്രയധികം നേപ്പാളികൾ ജോലിതേടി വരുന്നത്. രണ്ടു മൂന്ന് നേപ്പാളികളായിട്ട് ഞങ്ങൾ പരിചയപ്പെട്ടു. അപ്പോൾ അവർ പറഞ്ഞ വിവരം ആണ് കൂലി കുറവുള്ള കാര്യം. പഠിപ്പും വളരെ കുറവാണ്. കേരളത്തിൽ എന്തു ജോലിയും അവർ ചെയ്യുവാൻ തയ്യാറാണ്. കേരളത്തിൽ കൂലി കൂടുതൽ കിട്ടുന്നുണ്ട്. കടകളെല്ലാം ചെറിയ ചെറിയ ഒറ്റമുറികളാണ്. മിക്ക കടകളിലും മദ്യം വില്പനയ്ക്ക് വച്ചിട്ടുണ്ട്. കടകളിൽ കൂടുതലും സ്ത്രീകളാണ് കച്ചവടം ചെയ്യുന്നത്. നേപ്പാളിൽ ഞങ്ങൾ പോയ സ്ഥലത്ത് ഓട്ടോ റിക്ഷകൾ ഒന്നും തന്നെ ഇല്ല. ടാക്സിയായി ഓടുന്നത് മാരുതി കാറുകളാണ്. വലിയ ബസ്സുകൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. ചെറിയ ടെമ്പോമാതിരിയുള്ള വണ്ടികളാണ് പാസഞ്ചർ വണ്ടികളായി ഓടുന്നത്. നേപ്പാൾ സമയവും ഇന്ത്യൻ സമയവും 15 മിനിട്ടിന്റെ വ്യത്യാസം ഉണ്ട്. അതുപോലെ തന്നെ ഇന്ത്യൻ രൂപ   100ക്ക് നേപ്പാളിൽ 160 രൂപയാണ്.ഇന്ത്യൻ പൈസ നേപ്പാളിൽ എല്ലാവർക്കും ഇഷ്ടമാണ്. നേപ്പളികൾക്ക് ഇന്ത്യൻ രൂപയോടാണ് കൂടുതൽ താല്പര്യം. നേപ്പാളിൽ പല സ്ഥലത്തും സഞ്ചരിക്കുന്ന ശൗചാലയം കണ്ടു. എല്ലാം കണ്ടതിനു ശേഷം നേരെ ഗോരഖ് പൂരിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴിയിൽ ഗോരഖ്നാഥ് ക്ഷേത്രം ദർശനം ചെയ്യുന്നതിന് വേണ്ടി അമ്പലത്തിന്റെ അടുത്തു തന്നെ ബസ്സ്‌ നിറുത്തി. ഗുരു ഗോരഖ് നാഥ് മഹാക്ഷേത്രം വൃതനിഷ്ടയുള്ള നാഥ് സമ്പ്രദായത്തിലെ സന്യാസിമാരാണ് ക്ഷേത്രത്തിലെ പൂജാരികൾ. അനേകം ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രത്തിൽ അധികം പ്രത്യേകം പ്രതിഷ്ഠകളും പൂജാരിമാരും ഉണ്ട്. അഥിതി മന്ദിരം, വേദപാഠശാല , ഉദ്യാനങ്ങൾ എന്നിവയെല്ലാം വളരെ ശാസ്ത്രീയമായി നടത്തിവരുന്നു. വളരെ സുപ്രസിദ്ധിയും ഭക്തജനത്തിരക്കും തീർത്ഥാടകരുടെ ദർശനവും കാരണം തിരുവനതപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പോലെ ലോക പ്രശസ്തി ആർജിച്ചു വരുന്ന ഒരു മഹാക്ഷേത്രമാണ് --------
വിവേകാനന്ദ ട്രാവൽസിന്റെ കൂടെയാണ് ഞങ്ങൾ യാത്ര പോയത്. വളരെ നല്ല ഒരു ട്രാവൽസ് തന്നെയാണ്. യാത്രയിൽ താമസിക്കുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ ഉള്ള ഏ .സി ഡബിൾ റൂമുകളും ഏ സി ബസുമാണ് ഏർപ്പെടുത്തിയിരുന്നത് രണ്ടു പേർ വീതം താമസിക്കുന്നതിനുള്ള ഏ സി റൂമുകളാണ് എല്ലാ സ്ഥലത്തും കൂടെ ആദ്യം മുതൽ അവസാനം വരെ യാത്രയിൽ ചുരുച്ചുറുക്കും പരിചയവും ഉള്ള ഗൈഡും ഉണ്ടായിരുന്നു. ഗൈഡിന്റെ സേവനം എല്ലാ തീർത്ഥാടകർക്കും ഇഷ്ടപ്പെട്ടു. 

3.04.2015 
തീർത്ഥയാത്ര എല്ലാം കഴിഞ്ഞ് ഗോരഖ് പൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. രാവിലെ 6:35 നുള്ള ട്രെയിൻ നമ്പർ 12512 ഗോരഖ് പൂർ തിരുവനന്തപുരം രപ്തി സാഗർ എക്സ് പ്രസ്സിൽ യാത്ര പുറപ്പെട്ടു. 
4.04 .2015 
യാത്ര തുടരുന്നു. 
5.04.2015 
തൃശ്ശൂരിൽ ഉച്ചക്ക് 12:00 മണിക്ക് എത്തിച്ചേർന്നു.


 






No comments:

Post a Comment