Wednesday, October 21, 2015

Sree Amarnath Yathra

ശ്രീ അമര്‍നാഥ് യാത്ര

13.7.2012  തൃശ്ശൂരില്‍ നിന്നും 12.05 നു 2617 മംഗള എക്സ്പ്രെസ്സില്‍
ഡല്‍ഹിയിലേക്കു യാത്ര പുറപ്പെട്ടു.

15.7.2012 ഉച്ചയ്ക്കുശേഷം 13:30ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലോഡ്ജിലേക്ക് പോകുന്നതിനുള്ള ബസ്‌ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു.ഡല്‍ഹിയില്‍ നിന്ന് കരോള്‍ബാഗിലുള്ള Renuka Tourist Home ല്‍ ആണ് റൂം ബുക്ക്‌ ചെയ്തിരുന്നത് .എല്ലാം എ.സി .റൂം എന്ന തോതിലാണ് . താമസത്തിനുള്ള ലോഡ്ജുകളെല്ലാം വിവേകാനന്ദ  ട്രാവല്‍സ് മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്നു.


16.7.2012 രാവിലെ നാലുമണിയ്ക്ക്  കട്ടന്‍ കാപ്പിയുമായി ഗൈഡ് താമസിക്കുന്ന മുറികളില്‍ വന്നു വിളിച്ചുണര്‍ത്തിതരും. 5:15നു ജമ്മുവിലേക്ക് യാത്ര പുറപ്പെട്ടു .രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് പോകുന്ന വഴിയില്‍ ഹരിയാനയില്‍ വച്ചു കഴിച്ചു.ഉച്ച ഭക്ഷണം പഞ്ചാബില്‍  വച്ചു കഴിച്ചു. രാവിലെ തന്നെ ഭക്ഷണമെല്ലാം തന്നെ ഉണ്ടാക്കി ബസ്സില്‍ തന്നെ വെച്ചിട്ടുണ്ടാവും. വഴിയില്‍ കഴിക്കുന്നതിനുള്ള സൗകര്യമുള്ള സ്ഥലത്ത് നിര്‍ത്തി കഴിക്കുകയാണ് പതിവ് . വൈകിയിട്ടു ചായ ജമ്മു ബോര്‍ഡറില്‍  വച്ചു കഴിച്ചു. രാത്രിയിലുള്ള ഭക്ഷണം Choudari ഹോട്ടലില്‍ നിന്ന് ട്രാവല്‍ ഏജന്‍റ് വാങ്ങി തന്നു. ജമ്മുവില്‍ രാത്രി 22:00 മണിക്ക് എത്തിച്ചേര്‍ന്നു. Vardaan ലോഡ്ജില്‍ താമസം. എ. സി . റൂം.

17.7.2012 താമസിച്ച വര്‍ദാന്‍ ലോഡ്ജില്‍ ട്രാവല്‍ ഏജന്‍റ് ഉണ്ടാക്കിത്തന്ന ചായ, ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം കഴിച്ചു ഏഴു മണിക്ക് ശ്രീ  നഗറിലേക്ക് യാത്ര പുറപ്പെട്ടു. വഴിയില്‍ 13:30നു Ramban എന്ന സ്ഥലത്തു വച്ചു ഊണു കഴിച്ചു. വഴിയില്‍ ബാത്ത് റൂം  സൗകര്യത്തിനും മറ്റും വണ്ടി നിര്‍ത്തി തരും. ജമ്മുവില്‍ നിന്നും ജമ്മു താവി നദിക്കരയിലൂടെയായിരുന്നു യാത്ര. നദി താഴെയും മുകളില്‍ ചുരത്തില്‍ കൂടിയും ആയിരുന്നു യാത്ര..പോകുന്ന വഴിയില്‍ Vermag എന്ന   സ്ഥലത്തു മൂന്നു കിലോമീറ്റര്‍ തുരങ്കത്തിന്‍റെ ഉള്ളില്‍ കൂടി വേണം വണ്ടികള്‍ക്ക് പോകുവാന്‍. ഒരു ബസ്സിനു മാത്രം പോകുന്നതിനുള്ള വീതിയേ ഉള്ളൂ . തുരങ്കത്തിന്‍റെ രണ്ടു ഭാഗത്തും മിലട്ടറി പോലീസ് വണ്ടികള്‍ അഡ്ജസ്റ്റ്  ചെയ്തു വിടും.  17:15നു കുള്‍ഗാമില്‍ ചായ കുടിക്കുകാന്‍ നിറുത്തി. 20:10നു ശ്രീ നഗര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തി. അവിടെ നിന്നും വലിയ ബസ്സുകള്‍ ഒന്നും തന്നെ ലോഡ്ജുള്ള സ്ഥലത്തേക്കു  പോകുവാന്‍ പറ്റുകയുമില്ല. അതിനാല്‍ ടെമ്പോ ട്രാവലറില്‍ ലോഡ്ജുള്ള സ്ഥലത്തേക്കു എത്തിച്ചു.ലോഡ്ജുള്ള സ്ഥലത്തിന്‍റെ പേര്  SONAWAR എന്നാണ്‌.. . ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും 4 k.m. ദൂരമുണ്ട് .ലോഡ്ജില്‍ 20:30നു എത്തിച്ചേര്‍ന്നു. Rotana എന്ന ലോഡ്ജില്‍ ആണ് താമസം. ജമ്മു കഴിഞ്ഞാല്‍ പിന്നെ വഴിയില്‍ പല സ്ഥലത്തും മിലട്ടറി പോലീസ് കാവല്‍ നില്‍ക്കുന്നതായി കാണാന്‍ കഴിയും. ശ്രീനഗര്‍ മുതലാണ് കൂടുതലും. ജമ്മു മുതല്‍ വഴിയില്‍ പല സ്ഥലത്തും സൈഡുകളില്‍ എല്ലാ അമര്‍നാഥ്   തീര്‍ത്താടകര്‍ക്കും   ഹാര്‍ദ്ദവമായി  സ്വാഗതവും ശിവ ഭഗവാന്‍റെ ഫോട്ടോയും കാണാവുന്നതാണ് .




18.07.2012 രാവിലെ ചായ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് 7:00 മണിക്ക് എട്ടു പേര്‍ക്കു ഇരിക്കാവുന്ന കാറില്‍ സൈററ് സീയിങ്ങ്‍ കാണാന്‍ ശ്രീനഗറിലേക്ക് പുറപ്പെട്ടു . വഴിയില്‍ St.Rose Garden, Mughal Garden, ശ്‍ശ്മാശാഖി , ചൈന ട്രീ , ഇന്ദിരാഗാന്ധി മെമ്മോറിയല്‍ എന്നീ സ്ഥലങ്ങള്‍ കണ്ടു . (കപില ഗാര്‍ഡന്‍ ഏപ്രില്‍ മാസം മാത്രമേ തുറക്കുകയുള്ളൂ . അതിനാല്‍ കപില ഗാര്‍ഡന്‍ കാണാന്‍ കഴിഞ്ഞില്ല).
ഹെറിറ്റേജ് മുഗള്‍ ഗാര്‍ഡന്‍ , ഡാല്‍ തടാകം . ഡാല്‍ തടാകത്തില്‍ ധാരാളം ഹൗസ് ബോട്ട് ഉണ്ട് . പികിനിക് പോയാല്‍ താമസിക്കുനതിനുള്ള ബോട്ടുകള്‍ ആണ്. കൂടാതെ Handicrafts, Dry Fruits കടകളും ഉണ്ട് . ഗാര്‍ഡനില്‍നിന്നും നോക്കിയാല്‍ Kashmir University കാണാവുന്നതാണ് . കൂടാതെ  ശങ്കരാചാര്യ മന്ദിര്‍. . മെയിന്‍ ഗൈറ്റില്‍ നിന്നും നാലു കിലോമീറ്റര്‍ ചുരം ആണ് . മലയുടെ മുകളില്‍ ശിവന്‍റെ അമ്പലവും ഉണ്ട് . രണ്ടാമത്തെ ഗേറ്റില്‍ ഫോണ്‍ / ക്യാമറ മുതലായവ കൊണ്ടുപോകുവാന്‍ പാടുള്ളതല്ല . എല്ലാവരെയും ചെക്ക്‌ ചെയ്തിട്ടേ ഉള്ളില്‍ വിടുകയുള്ളൂ . ഇതെല്ലാം കണ്ടതിനു ശേഷം ലോഡ്ജില്‍ തിരിച്ചെത്തി . ഉച്ചക്കുള്ള ഭക്ഷണം ലോഡ്ജില്‍ തന്നെ. ഭക്ഷണം കഴിഞ്ഞ് 14:20നു Beltal എന്ന സ്ഥലത്തേക്കു ബസില്‍ യാത്ര പുറപ്പെട്ടു. Manigam എന്ന സ്ഥലത്ത് പോലീസ് വണ്ടികള്‍ എല്ലാം തന്നെ പിടിച്ചുനിര്‍ത്തും. കുറേ വണ്ടികള്‍ ആയതിനുശേഷം മുന്നിലും പിന്നിലും അകമ്പടിയോടെ ആയിട്ടാണ് യാത്ര പുറപ്പെട്ടത്‌ . ശ്രീനഗറില്‍ നിന്നും 20 k.m ദൂരം കഴിഞ്ഞാല്‍ അമര്‍ഗംഗാ നദിക്കരയില്‍ കൂടിയാണ് ബസ്സ്‌ യാത്ര അമര്‍നാഥിലേക്ക് . Beltal ല്‍ രാത്രി 20:10നു എത്തിച്ചേര്‍ന്നു .  Beltal ല്‍ ലോഡ്ജുകള്‍ ഒന്നും തന്നെ ഇല്ല . താല്‍കാലിക ടെന്‍റുകള്‍ ആണ് . 5,6,7,8,10 എന്നിങ്ങനെ കട്ടിലുകള്‍ ഉള്ളവ ആയിരിക്കും. താര്‍ പായ കൊണ്ട് ഒരു കൂടാരം.  Beltal ല്‍ എത്തുന്നതിനു മുന്‍പുതന്നെ പല സ്ഥലത്തും ചെക്കിങ്ങ് കഴിഞ്ഞിട്ടുവേണം വന്നു ചേരുവാന്‍. . രാത്രിയും പകലും ഫ്രീ ഭക്ഷണം കിട്ടുന്ന സ്ഥലത്താണ് ടെന്‍റുകള്‍. അതും പല സ്ഥലത്തും . ഭക്ഷണം ചപ്പാത്തി , പൊറോട്ട , ചോറ് , ഇഢലി, ദോശ വട , ജിലേബി, പാല്‍, ചായ ഇവ കൂടാതെ തന്നെ വേറെ പലതും കഴിക്കുന്നതിനുള്ള വിഭവങ്ങള്‍ ഉണ്ട് . എല്ലാം തന്നെ ഫ്രീ .


19.7.2012  Beltal ല്‍ നിന്നും രാവിലെ 3:30നു അമര്‍നാഥിലേക്കു യാത്ര പുറപ്പെട്ടു . കുറച്ചു ദൂരം ചെന്നപ്പോള്‍ പോലീസ് തടഞ്ഞു. ബാച്ച് ബാച്ച് ആയിട്ടെ വിടുകയുള്ളൂ . അവിടെ നിന്നും 4.30നു വീണ്ടും യാത്ര പുറപ്പെട്ടു . കുറച്ചു ദൂരം ചെന്നപ്പോള്‍ അമര്‍നാഥിലേക്കുള്ള മെയിന്‍ ഗേറ്റില്‍ നിറയെ മിലട്ടറി പോലീസ് ആയിരുന്നു. ഗേറ്റ് അടച്ചു വെച്ചിരിക്കയാണ്‌ . മഴ കുറേശ്ശെ ചാറുന്നുണ്ട് . മഴ ഉണ്ടെങ്കില്‍ ഗേറ്റ് തുറന്നു അമര്‍നാഥിലേക്കു വിടുകയില്ല . മഴ മാറിയാല്‍ ഗേറ്റ് തുറന്നു വിടുന്നതായിരിക്കും എന്നുള്ളത് മൈക്കില്‍ കൂടി പറയുന്നുണ്ട്. അങ്ങിനെ 6.00 മണി കഴിഞ്ഞപ്പോള്‍ മഴ കുറച്ചു മാറി . അപ്പോള്‍ അവിടെ നിന്നും 6:30നു യാത്ര പുറപ്പെട്ടു . ട്രാവല്‍ ഏജന്‍സി ആദ്യം തന്നെ ഒരു ഫോമില്‍ മൂന്ന് ഫോട്ടോ ഒട്ടിച്ച് ഗവണ്‍മെന്റില്‍ നിന്നും പാസ്സ് വാങ്ങിയത് ഗേറ്റില്‍ കണ്ടതിനു ശേഷമേ വിടുകയുള്ളൂ. വഴി വളരെയധികം ബുദ്ധിമുട്ടുള്ളതും കുണ്ടും കുഴിയും വീതി കുറഞ്ഞതും കല്ലും പാറകളും കുത്തനെയുള്ള കയറ്റവും സൈഡില്‍  ഇറക്കവും  ഒക്കെ ഉണ്ടായിരുന്നു . കൂടുതലും ആള്‍ക്കാര്‍ യാത്ര ചെയ്യുന്നത് കുതിര, ഡോളി, ഹെലികോപ്ടര്‍ എന്നിവയില്‍ ആണ്.  നടന്നു പോകുന്നതിനു വളരെയധികം ബുദ്ധിമുട്ടുള്ള സംഗതിയാണ് . എന്നാലും നടന്നും ഇരുന്നും വിശ്രമിച്ചും നടന്നു പോകുന്നവര്‍ ധാരാളം ഉണ്ട്.  കുറഞ്ഞത്‌ 21 k.m ദൂരം ഉണ്ട്. വഴിയില്‍ പല സ്ഥലത്തും കടകളും കക്കൂസും ഫ്രീ ഭക്ഷണം കൊടുക്കുന്ന സ്ഥലങ്ങളും first-aid സെന്‍ററുകള്‍ മരുന്നുകള്‍ മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട് . ഞങ്ങള്‍  കുതിരപ്പുറത്താണ്‌പോയത്. കുതിരപ്പുറത്ത്‌ പോകുന്നത് വളരെ റിസ്ക്ക് ഉള്ള കാര്യം തന്നെയാണ് . Rs.3000 ആണ് പോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും ഉള്ള ചാര്‍ജ് . വളരെയധികം തണുപ്പുള്ള സ്ഥലമാണ്‌ അമര്‍നാഥ് . അതിനാല്‍ ചൂടുനില്‍ക്കുന്ന ബനിയന്‍ , ഇന്നര്‍ , മങ്കി ക്യാപ് , കയ്യുറ , ഷൂ , സോക്സ്‌ , മുതലായവ ധരിച്ചിട്ടുവേണം യാത്ര ചെയ്യുവാന്‍ . നടന്നു പോകുന്നവര്‍ ഓരോ വടിയും കുത്തിപിടിച്ചിട്ടു വേണം  പോകുവാന്‍ . കാരണം ഒരേ കയറ്റവും ഒരേ ഇറക്കവും ഹെയര്‍പിന്നും   ഉള്ള വഴികളാണ് . വഴിയില്‍ ചളിയും വഴുക്കലും ഒക്കെ ഉണ്ട് . അങ്ങിനെ ഒരു കണക്കിന് 11:30നു അമര്‍നാഥില്‍ ഉള്ള ഐസ് കൊണ്ടുള്ള ശിവലിംഗം ഉള്ള സ്ഥലത്ത് എത്തിച്ചേര്‍ന്നു . അമ്പലം ഒന്നും തന്നെ ഇല്ല . വലിയ മലയും പാറ തുരന്ന് ഗുഹ ഉണ്ടാക്കി അതിന്‍റെ ഉള്ളില്‍ രണ്ടടി ഉയരത്തിലുള്ള ശിവലിംഗമാണ് കാണാന്‍ കഴിഞ്ഞത് . പാറയുടെ ഉള്ളില്‍ പല സ്ഥലത്തും ഐസ് കട്ടകള്‍ കൊണ്ട് മൂടിക്കിടക്കുന്നത്‌ കാണാം . അടുത്തു തന്നെ പാര്‍വതിയുടെ പ്രതിഷ്ഠയുമുണ്ട് . പൂജകള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല . രണ്ടു പ്രാവുകളെ കാണാന്‍ കഴിയും . കൂടാതെ ഉടുക്ക്, സ്തൂലം, പാമ്പിന്‍റെ രൂപം മുതലായവ എല്ലാം ഉണ്ട് . എവിടെ നോക്കിയാലും ഭയങ്കര ചെക്കിങ്ങ് തന്നെയാണ്.  പൈസ ഇടാന്‍ പല സ്ഥലത്തും പെട്ടികള്‍ വച്ചിട്ടുണ്ട്. ദര്‍ശനം എല്ലാം കഴിഞ്ഞ് 12:00 മണിക്ക് അവിടെ നിന്നും മടങ്ങി . തിരിച്ചു Baltal ടെന്‍റില്‍ 18:00 മണിക്ക് എത്തിച്ചേര്‍ന്നു . ഈ ഭാഗത്ത്‌ വീടുകളോ ആള്‍ താമസമോ ഒന്നും തന്നെ ഇല്ല . എവിടെ തിരിഞ്ഞാലും മിലട്ടറിക്കാരാണ്. സീസണില്‍ മാത്രമേ കടകളും തീര്‍ത് ഥാടകരെയും മറ്റും കാണാന്‍ കഴിയുകയുള്ളൂ . സീസണ്‍ ജൂണ്‍ / ജൂലൈ  മാസങ്ങളില്‍ വെറും 39 ദിവസം മാത്രം . അതിനു ശേഷം ശിവലിംഗം മഞ്ഞു കൊണ്ടു മൂടി പോകും. കുതിര ഓടിക്കുന്ന ആള്‍ക്കാരെ കണ്ടാല്‍ എല്ലാവരും ഒരു പോലെ തോന്നും.  മിക്കവരും താടി വളര്‍ത്തിയവരായിരിക്കും. ഇവിടുത്തെ ജനങ്ങളെ കണ്ടാല്‍ താടിയും വണ്ണം കുറഞ്ഞ   പേന്‍റും ജുബ്ബ പോലത്തെ ഷര്‍ട്ടും മറ്റും ഒക്കെയായിരിക്കും വേഷം. വൃത്തിയുള്ള തുണികള്‍ ഒന്നും തന്നെ ആയിരിക്കയില്ല . വരയുള്ള ഷര്‍ട്ടുകള്‍ വളരെ കുറച്ചു പേരേ ധരിക്കുന്നുള്ളൂ. മുസല്‍മാന്‍ കൂടുതലുള്ള സ്ഥലമാണ്‌. സ്ത്രീകളെ വളരെ അപൂര്‍വമായിട്ടേ പുറത്തും മറ്റും കാണുവാന്‍ സാധിക്കൂ. പുരുഷന്മാരെ കണ്ടാല്‍ മുഖം മിക്കവരുടെയും ഒരു പോലെ തോന്നും. രണ്ടു ദിവസം Beltal ല്‍ ഉള്ള ടെന്ടില്‍ തന്നെയാണ് താമസം. ഭക്ഷണം പല സ്ഥലത്തും ഫ്രീ ഉള്ളത് കഴിക്കും. മധുരപലഹാരങ്ങള്‍, റെസ്ക്, ബിസ്കെറ്റ് . ഡോക്ടറെ കാണണം എന്നുണ്ടെങ്കില്‍ അതും ഫ്രീ. മരുന്നുകള്‍ എല്ലാം ഫ്രീ ആയിരിക്കും . ഈ സീസണില്‍ കച്ചവടക്കാര്‍ ധാരാളം ഇവിടെ വരുന്നുണ്ട്. സാരി, ചുരിദാര്‍, കാര്‍പെറ്റ്, കുങ്കുമപൂവ്, മാലകള്‍ മുതലായവ വില്‍ക്കുന്നവര്‍. സീസണ്‍ കഴിഞ്ഞാല്‍ താഴോട്ട്‌ തിരിച്ചു പോകും . വില പേശി എടുക്കണം.  ഉച്ചക്ക് Beltal ല്‍ നിന്നും ശ്രീ നഗറിലേക്ക് യാത്ര പുറപ്പെട്ടു . വൈകിയിട്ട് ചായ, രാത്രി ഭക്ഷണം  ലോഡ്ജില്‍ തന്നെ .

20.07.2012 രാവിലെ 7:15നു ശ്രീനഗറില്‍ നിന്നും   Katra യിലേക്ക് യാത്ര പുറപ്പെട്ടു. രാവിലത്തെ ചായ, ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം ലോഡ്ജില്‍ തന്നെ ആയിരുന്നു. അതിനുശേഷമാണ് യാത്ര പുറപ്പെട്ടത്‌ .   വരുന്ന വഴിയില്‍ ശ്രീനഗറില്‍ ജലം എന്ന് പേരുള്ള നദി ഒഴുകുന്നതു കാണാന്‍ കഴിയും. ഈ ജലം നദി ഒഴുകിപോകുന്നത്‌ നേരെ പാക്കിസ്ഥാനിലേക്കാണ്. വരുന്ന വഴിയില്‍ ധാരാളം Dry fruits കടകള്‍ ഉണ്ട്. ചുരത്തില്‍ കൂടി താഴോട്ട്‌ ഇറങ്ങികൊണ്ടിരിക്കയാണ്. വരുന്ന വഴിയില്‍ ചുരത്തിന്‍റെ  അടിയിലേക്ക് ഒരു ബസ്സ് വീണുകിടക്കുന്നത് കണ്ടു. ആ ബസ്സില്‍ യാത്ര ചെയ്ത 15 പേരോളം മരിച്ചതായും വളരെ പേര്‍ക്കു പരിക്കുള്ളതായും പത്രത്തില്‍ ഉണ്ടായിരുന്നു. Ramban എന്ന സ്ഥലത്ത് വച്ചു ഊണു കഴിച്ചു. വഴി നീളെ ധാരാളം മിലട്ടറി ബസ്സുകള്‍ ഓടിച്ചു പോകുന്നുണ്ട്. ശ്രീനഗര്‍ സിറ്റിയിലേക്ക്  
വലിയ വണ്ടികള്‍ ഒന്നും തന്നെ അനുവദിക്കുകയില്ല. അതിനാല്‍ ശ്രീനഗര്‍ എത്തുന്നതിനു 4 k.m. മുന്‍പായി ഇറങ്ങി ചെറു വണ്ടികളില്‍ വേണം സിറ്റിയിലേക്കും ലോഡ്ജിലേക്കും യാത്ര ചെയ്യാന്‍.. . ചെറിയ വണ്ടികള്‍ ടെമ്പോ ട്രാവലര്‍ പോലെത്തെ വണ്ടികള്‍ ആണ്. അതെ പോലെ തന്നെ ഇവിടുത്തെ റൂട്ട്‌ ബസ്സുകള്‍ എല്ലാം ചെറിയവ ആയിരിക്കും. ദൂരം വഴി ഓടുന്ന ബസ്സുകള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല. വൈകിയിട്ട് ചായ Chinani എന്ന സ്ഥലത്തായിരുന്നു. Hotel New Ashok ല്‍ ആണ് താമസം. 18:45നു Katra യില്‍ എത്തിച്ചേര്‍ന്നു. ഏറ്റവും വലിയ ഡബിള്‍ റൂം ആണ്. A/C. യാത്രയില്‍ മലയാളികളായിട്ട് മൂന്നു പേരെ കാണാന്‍ കഴിഞ്ഞു. പിന്നെ മിലട്ടറി പോലീസില്‍ രണ്ടു ലേഡിയും മൂന്ന് പുരുഷന്മാരെയും കണ്ടു പരിചയപ്പെട്ടു. അത്രി ഭക്ഷണം ലോഡ്ജില്‍ തന്നെ.

21.07.2012 രാവിലെ 5:40നു വൈഷ്ണവോദേവിയിലേക്കു യാത്ര പുറപ്പെട്ടു. ലോഡ്ജില്‍ നിന്ന് Katra bus stand വരെ നടന്നു. ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്ന് മൂന്നു കി. മീറ്റര്‍ ദൂരം ഓട്ടോയില്‍ യാത്ര ചെയ്തു. അവിടെ നിന്നും 17 k.m. നടന്നു യാത്ര ചെയ്തു. സമുദ്രനിരപ്പില്‍ നിന്നും 5300 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്ര കഠിനം എന്നു പറയാമെങ്കിലും കുത്തനെയുള്ള കയറ്റവും ഇറക്കവും കുറവാണ്. പരന്നു വീതി കൂടിയ റോഡാണ്. റോഡില്‍ സിമന്‍റ് കട്ട വിരിച്ചിട്ടുണ്ട്. റോഡ്‌ വളരെയധികം വളഞ്ഞ വഴിയും ഹെയര്‍പിന്‍ ഉള്ളതും ആണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുതിര, ഡോളി, ഹെലികോപ്റ്റര്‍ സൗകര്യം ഉണ്ട്. സുമാര്‍ 7 k.m. ദൂരം ബാറ്ററി കാറിലും സഞ്ചരിക്കാം. അതിന്‍റെയെല്ലാം ചാര്‍ജ്ജ് സ്വന്തമായി തന്നെ കൊടുക്കണം. കൂടുതലും തീര്‍ത് ഥാടകര്‍ നടന്നു തന്നെയാണ് യാത്ര ചെയ്യുന്നത്. ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ആറു മണിക്ക് പുറപ്പെട്ട് ദേവി സന്നിധിയില്‍ എത്തിയപ്പോള്‍ 11.00 മണി കഴിഞ്ഞു. ക്യൂവില്‍  ഒരു മണിക്കൂര്‍ നിന്നു. അവിടെയും ചെക്കിങ്ങ് ഉണ്ട്. ഉടുത്തിരുന്ന ഡ്രെസ്സും പൈസയും ഒഴിച്ച് വേറെ ഒരു സാധനവും കൊണ്ടു പോകുവാന്‍ പാടില്ല. സാധനങ്ങള്‍ എല്ലാം സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സൗകര്യം ഉണ്ട്. ക്ലോക്ക് റൂം പൂട്ടി താക്കോല്‍ നമ്മുടെ കൈവശം തന്നെ വയ്ക്കണം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ ശക്തിയുടെയും ധനത്തിന്‍റെയും വിദ്യയുടെയും മൂന്ന് മഹാശക്തികളുടെ അപൂര്‍വസംഗമസ്ഥലമാണ്‌. വൈഷ്ണവിദേവി. വേറെ ഗുഹയുടെ ഉള്ളില്‍ ശിവന്‍റെ പ്രതിഷ്ഠയും ഹനുമാന്‍റെ പ്രതിഷ്ഠയും ഉണ്ട്. തിരിച്ചു കുറച്ചുദൂരം പോന്നതിനു ശേഷം 7 k.m മുകളില്‍ ഭൈരവന്‍ ക്ഷേത്രം ദര്‍ശിക്കാന്‍ കഴിയും. ഏറ്റവും താഴത്ത് ശ്രീ മാതാജിയുടെ ക്ഷേത്രവുമുണ്ട്. മുകളില്‍ ദര്‍ശനം കഴിഞ്ഞ് 15.30 നു മടങ്ങി. ഭക്ഷണം ഹോട്ടലില്‍ കിട്ടുമെങ്കിലും നമുക്കു കഴിക്കാന്‍ പ്രയാസമാണ്. ചാര്‍ജ്ജ് കുറച്ച് കുറവ് ഉണ്ട്. ചായ, ബണ്ണ്‍ ,കഴിച്ചു. അതു തരക്കേടില്ല. അവിടെ നിന്നും നടന്നിട്ടാണ് തിരിച്ചു പോന്നത്. ലോഡ്ജില്‍ 20.30 നു എത്തിച്ചേര്‍ന്നു. ഭക്ഷണം ലോഡ്ജില്‍ തയ്യാറാക്കിയത് കഴിച്ചു. പോരുന്ന വഴിയില്‍ മലയാളിയെ കണ്ടത് ഒരാളെ മാത്രം. മുകളില്‍ സാധനങ്ങള്‍ വയ്ക്കുന്നതിനുള്ള ലോക്കറുകള്‍ എല്ലാം കാണുമ്പോള്‍ ഒരുപോലെ തന്നെയായിരിക്കും. ലോക്കറുകളില്‍ ഓരോ നമ്പര്‍ എഴുതിയിട്ടുണ്ടാവും. നമ്പര്‍ നമ്മള്‍ ഓര്‍മ്മ വയ്ക്കണം. ദര്‍ശനം കഴിഞ്ഞു തിരുച്ചു വരുന്ന വഴി ലോക്കര്‍ തുറന്ന് സാധനങ്ങള്‍ എല്ലാം എടുത്തതിനുശേഷം പൂട്ടും താക്കോലും അവിടെ കാവല്‍ നില്‍ക്കുന്ന ആളെ ഏല്പിക്കണം.



22.7.2012 രാവിലെ 7:10നു Katra ലോഡ്ജില്‍ നിന്നും Shivakori എന്ന സ്ഥലത്തേക്കു യാത്ര പുറപ്പെട്ടു. Shivakori യില്‍ 11:05നു എത്തിച്ചേര്‍ന്നു. അവിടെ നിന്നും മലയുടെ മുകളിലേക്ക് 5 k.m. നടക്കണം. അങ്ങോട്ട്‌ കയറ്റവും ഇറക്കവും ആണ്. കുതിര, ഡോളി എന്നീ സൗകര്യങ്ങള്‍ ഉണ്ട്. വഴി നല്ലതാണ്. അമ്പലത്തിന്‍റെ ഉള്ളിലേക്കുള്ള വഴിയെ പട്ടി പറയാതെ പറ്റില്ല. അത്രയ്ക്ക് ബുദ്ധിമുട്ടുള്ളതാണ്. ഒരു മലയുടെ ഗുഹയിലേക്ക് കടന്ന് ഇരുന്നും ഞരങ്ങിയും തല ചായ്ച്ചും ശരീരം ചെരിഞ്ഞും ഒറ്റക്കാല്‍ വെച്ചും വളരെയധികം പതുക്കെ പതുക്കെ ശ്രദ്ധയോടെ പാറക്കെട്ടിലൂടെ ചെരിഞ്ഞു കടക്കാന്‍ മാത്രം പഴുതുള്ള വഴിയില്‍ കൂടി മെല്ലെ മെല്ലെ കാലു തെറ്റാതെയും പിടുത്തം വിടാതെയും കല്ലില്‍ ചവിട്ടുമ്പോള്‍ വഴുക്കാതെയും കാല്‍ കി. മീറ്ററോളം മുകളില്‍ തല മുട്ടാതെ ഒക്കെ വേണം നടന്നു നീങ്ങാന്‍. എത്ര തന്നെ തടിയുള്ള ആള്‍ക്കും ഈ ഗുഹയില്‍ കൂടി നടന്നു നീങ്ങാന്‍ കഴിയും എന്നുള്ളതാണ് ഒരു പ്രത്യേകത. ഉള്ളില്‍ തീരെ സൂര്യപ്രകാശം കിട്ടുന്നില്ല. അവിടെ ഇവിടെ ലൈറ്റുകള്‍ ഉണ്ട്. കറന്‍റ് പോയാല്‍ കൂരിരുട്ട് തന്നെയാണ്. ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് കറന്‍റ് പോയി. ഒന്നും തന്നെ കാണാന്‍ പറ്റുന്നില്ല. നിന്ന നില്പില്‍ തന്നെ നിന്നു. ഇതിന്‍റെ ഉള്ളില്‍ കടക്കുന്നത്തിനു മുന്‍പ് ചെക്കിങ്ങ് ഉണ്ട്. ബെല്‍റ്റ്‌, ബാഗ്‌, ഫോണ്‍, ക്യാമറ, ചെരുപ്പ്, മറ്റു സാധനങ്ങള്‍ ഒന്നും തന്നെ ഉള്ളിലേക്ക് കൊണ്ടുപോകുവാന്‍ പാടില്ല. ഇട്ട ഡ്രെസ്സും പൈസയും മാത്രമേ പാടുള്ളൂ. സൂക്ഷിക്കുന്നതിന് ലോക്കര്‍ സൗകര്യം ഉണ്ട്. എല്ലാം ഫ്രീ ആയിട്ടു തന്നെയാണ്. ചെക്കിങ്ങ് കഴിഞ്ഞതിനു ശേഷമേ കടത്തിവിടുകയുള്ളൂ. തിരക്ക് കുറച്ച് കുറവാണ്. ചുരം കയറി വേണം മലയുടെ മുകളില്‍ എത്താന്‍. ഏകദേശം 5 k.m വരും. അങ്ങോട്ട്‌ കയറ്റവും ഇങ്ങോട്ട് ഇറക്കവും ആണ്. പോകുന്ന വഴിയില്‍ ബാത്ത് റൂം സൗകര്യങ്ങള്‍ എല്ലാം ഉണ്ട്. മുകളില്‍ മലകളും ഗുഹകളും ഒഴിച്ച് മറ്റൊന്നും ഇല്ല. ഗുഹയുടെ ഉള്ളിലോട്ടു ചെന്നതിനുശേഷം കുറച്ചു സ്ഥലത്ത് ടൈല്‍സ് വിരിച്ചുട്ടുണ്ട്. അതിന്‍റെ സൈഡില്‍ മലയുടെ കുറച്ചു മുകളില്‍   ദര്‍ശനം കിട്ടത്തക്ക വിധത്തില്‍ ശിവന്‍, ഉടുക്ക്, പാമ്പ്, സ്തൂലം, ഗണപതി, ശ്രീ രാമന്‍ എന്നിവരുടെയെല്ലാം പ്രതിമകള്‍ ഉണ്ട്. ഉണ്ടിയില്‍ പണം നിക്ഷേപിച്ച് ശാന്തിയുടെ കയ്യു കൊണ്ടു നെറ്റിയില്‍ പൊട്ട് തൊട്ടതിനുശേഷം മുന്നോട്ടുതന്നെ കുറച്ചു നടന്ന് ഗുഹ തുരന്നു ഒരാള്‍ക്ക് ഉയരത്തില്‍ ഒന്നര മീറ്റര്‍ വീതിയുള്ള സ്ഥലത്തു കൂടി പുറത്തേക്കു കടന്നു വരാം. മുന്‍പ് പറഞ്ഞ പാറയുടെ ഉള്ളിലൂടെ പോകുന്നതിനു വിഷമം ഉള്ളവര്‍ക്ക് പുറത്തേക്കു വരുന്ന വഴിയില്‍ കൂടി ഉള്ളില്‍ പോയി ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്. ഇത് ഒരു വലിയ അത്ഭുതമായിട്ടേ കരുതാന്‍ പറ്റുകയുള്ളൂ. മലയാളികളെ ആരെയും കാണാന്‍ കഴിഞ്ഞില്ല. വരുന്ന വഴി എല്ലാം ചുരം തന്നെയാണ്. സമയത്തില്‍ വ്യത്യാസം ഇല്ലെങ്കിലും രാവിലെ അഞ്ചു മണിക്കു മുന്‍പ് തന്നെ നേരം വെളുക്കും. വൈകി എട്ടു മണിയോടുകൂടി നേരം ഇരുട്ടുകയും ചെയും. Jammu, Sree Nagar, Kashmir, Katra, Amritsar എന്നീ സ്ഥലങ്ങളില്‍ എല്ലാം ഇതു തന്നെയാണ്. രാത്രി 20.30 നു ലോഡ്ജില്‍ എത്തിച്ചേര്‍ന്നു. ഭക്ഷണം ലോഡ്ജില്‍ തന്നെ.

 

23.7.2012 Katra യില്‍ നിന്നും 7.15 നു Amritsar ലേക്കു യാത്ര പുറപ്പെട്ടു. രാവിലത്തെ ചായ, ബ്രേക്ക്‌ ഫാസ്റ്റ്  ലോഡ്ജില്‍നിന്നും കഴിച്ചു. Amritsar എത്തുന്നതിനു മുന്‍പ് Waga Border ല്‍ പോയി.  വരുന്ന വഴിയില്‍ ബാബിന എന്ന സ്ഥലത്ത് വച്ച് ഉച്ചഭക്ഷണം കഴിച്ചു. ഭക്ഷണം വണ്ടിയില്‍ തന്നെ ഉണ്ടായിരുന്നു. Waga Border ല്‍  16.00 മണിക്കു തന്നെ എത്തിച്ചേര്‍ന്നു. ഇന്ത്യ പാക്‌ അതിര്‍ത്തി പ്രദേശമാണ് Waga Border ദിവസവും ഇവിടെ നടക്കുന്ന പതാക ഉയര്‍ത്തല്‍, പതാക   താഴ്ത്തല്‍, പരേഡുകള്‍ എന്നിവ വളരെയധികം ശ്രദ്ധേയമാണ്. തൊട്ടപ്പുറത്തായി  നമ്മുടെ അയല്‍  രാജ്യമായ പാക്കിസ്ഥാന്‍റെ ബോര്‍ഡെറും തൊട്ടടുത്തു തന്നെ നടത്തുന്ന പരേഡുകളും സല്യുട്ടുകളും ഇരു രാജ്യങ്ങളുടെയും കവല്‍ഭാടന്മാരുടെ നിദാന് ജാഗ്രതയും ഇതിലുപരി ദേശീയപതാകയോട് കാണിക്കുന്ന ആദരവും ഏതൊരു ഇന്ത്യക്കാരനും കണ്‍കുളിരെ കാണേണ്ടതുതന്നെയാണ്. രണ്ടു രാജ്യങ്ങളുടെയും ഗ്യാലറികളില്‍ ദിവസവും രണ്ടു രാജ്യങ്ങളിലെയും പൌരന്മാരെക്കൊണ്ട് നിറയുന്നതും മാതൃരാജ്യത്തിനെക്കുറിച്ച് ആത്മാഭിമാനം കൊള്ളുന്നതും ഇതെല്ലാം നേരില്‍ കാണുന്നതിനു വേണ്ടി   ഒരു തവണയെങ്കിലും നമ്മള്‍ അവിടെ പോകണം. Waga Border ല്‍  ഇന്ത്യയുടെയും  പാകിസ്ഥാന്‍റെയും  അപ്പുറവും  ഇപ്പുറവും ഗേറ്റുകള്‍ ഉണ്ട്. ഗേറ്റില്‍ രണ്ടു രാജ്യക്കാരുടെയും  കൊടി ഉയര്‍ത്തി യിട്ടുണ്ട്. കൊടി രാവിലെ ഉയര്‍ത്തും. വൈകിയിട്ട് താഴ്ത്തും. രണ്ടു രാജ്യക്കാരുടെ പരേഡും കാണാവുന്നതാണ്. പരേഡ് കാണുന്നതിനു വേണ്ടി വൈകിയിട്ട് നാലു മണി മുതല്‍ ഏഴു  മണി വരെ  പതിനായിരക്കണക്കിന്  ജനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം ഇരുന്ന് കാണുന്നതിന് ഗാലറി കെട്ടിവെച്ചിട്ടുണ്ട്‌. ഫോണ്‍, ക്യാമറ മുതലായവ കൊണ്ട് പോകാം. ക്യാമറ വച്ചു ഫോട്ടോ എടുക്കാവുന്നതാണ്. അവിടെ കൂടിയിരിക്കുന്നവര്‍ക്ക് കുടിക്കുവാനുള്ള കുപ്പി വെള്ളം മിലട്ടറി വക എട്ടു രൂപ നിരക്കില്‍ സപ്ലൈ ചെയ്യുന്നുണ്ട്. ചൂടുസമയത്ത് ഇരിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ടു രാജ്യക്കാരുടെ ജനങ്ങളെയും അങ്ങോട്ടും ഇങ്ങോട്ടും നേരില്‍ കാണാവുന്നതാണ്. 5:30 മണിയോടുകൂടി പരേഡ് തുടങ്ങും. കുറേ കാണാന്‍ വന്നിരിക്കുന്ന സ്ത്രീകളെ   വരിയായിട്ട് നിര്‍ത്തും. എന്നിട്ട് ഇന്ത്യയുടെ പതാക ഓരോരുത്തര്‍ക്കും കൊടുക്കും. ഗേറ്റ് വരെ ഓടി തിരിച്ചുവന്നിട്ട്‌ അടുത്ത ആള്‍ക്കു കൊടുക്കും. അങ്ങിനെ ഓരോരുത്തര്‍ക്കും ഓടാന്‍ അവസരം കിട്ടും. കുറഞ്ഞത് പത്തിരുപത് പേര്‍ക്ക് അങ്ങിനെ ചാന്‍സ് കിട്ടും. അതുകഴിഞ്ഞാല്‍ പിന്നെ മിലട്ടറിക്കാരുടെ പരേഡ് ആണ്. ഗേറ്റ് വരെ പോയി സല്യൂട്ട് കൊടുക്കല്‍, കാലിന്‍റെ വിരല്‍ കൊണ്ട് തലയില്‍ മുട്ടിക്കുക, സ്പീഡായി ഗേറ്റുവരെ നടക്കുക, ഗേറ്റ് തുറന്നതിശേഷം സല്യൂട്ട് ചെയ്യുക. ഇന്ത്യക്കാര്‍ ചെയ്യുന്ന പോലെ തന്നെ പാകിസ്ഥാന്‍കാരും ചെയ്യുന്നത് ഗാലറിയില്‍ ഇരുന്നുകൊണ്ട് കാണാവുന്നതാണ്. പാകിസ്ഥാന്‍റെ ഗാലറിയില്‍ ഇരിക്കുന്ന ജനങ്ങളെ നോക്കി ഇന്ത്യയുടെ ഗാലറിയില്‍ ഇരിക്കുന്ന ജനങ്ങള്‍ ഭാരത് മാതാ കീ ജയ് എന്നുറക്കെ പറയും. അതേപോലെ അവര്‍ ഇങ്ങോട്ടും അവരുടെ ഭാഷയില്‍ പറഞ്ഞുകൊണ്ടിരിക്കും. ഇന്ത്യയുടെ പതാക ത്രി വര്‍ണവും അവരുടേത് കുറച്ച് വെള്ളയും ബാക്കി പച്ചയും ചന്ദ്രകലയോടു കൂടിയതും ആണ്. ഇന്ത്യന്‍ മിലട്ടറിയുടെ യൂണിഫോം കാക്കിയും തലയില്‍ ചുവപ്പു നിറത്തിലുള്ള കിരീടവും പാകിസ്ഥാന്‍ മിലട്ടറിയുടെ യൂണിഫോം പച്ച നിറത്തിലും തലയില്‍ കിരീടവും ഉണ്ടാകും. പരേഡ് എല്ലാം കഴിഞ്ഞാല്‍ 18:45നു രണ്ടു രാജ്യക്കാരുടെയും പതാക താഴ്ത്തി കെട്ടും ഇതു കഴിഞ്ഞാല്‍ ജനങ്ങള്‍ എല്ലാം പിരിഞ്ഞു പോകും. തിരിച്ച് അമൃത്സറില്‍ എത്തിയപ്പോള്‍ 20:15 മണി ആയി. അമൃത്സറില്‍ Hotel R. K. Continental ല്‍ താമസം A/C റൂം. ഭക്ഷണം ലോഡ്ജില്‍ ഉണ്ടാക്കിയത് തന്നെ.

 24.7.2012 Amritsar നിന്നും രാവിലെ 4:00 മണിക്കു കാറില്‍ യാത്ര പുറപ്പെട്ടു. ഗോള്‍ഡന്‍ ടെമ്പിളിലേക്ക്. ഗോള്‍ഡന്‍ ടെമ്പിള്‍ സിക്കുമതക്കരുടെതാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ് സിക്കുമാതസ്ഥര്‍. ഗുരുനാനാക്ക് ദൈവത്തിനെ മനസിലാക്കാന്‍ വേണ്ടി മൂന്ന് നിയമങ്ങള്‍ കൊണ്ടു വന്നു. അതിലൊന്ന് ദൈവനാമത്തില്‍ ധ്യാനിക്കുക. രണ്ടാമത്തേത് ദാനം നല്‍കുക. മൂന്നമത്തേത് ശരീര ശുദ്ധി വരുത്തുക എന്നിങ്ങനെയാണ്. സിക്കുകാരുടെ ദേവാലയങ്ങള്‍ അറിയപ്പെടുന്നത് ഗുരുദ്വാര എന്ന പേരിലാണ്. സിക്കുകാരുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമാണ്‌ അമൃത്സറിലെ ഗോള്‍ഡന്‍ ടെമ്പിള്‍. ഹരിമന്ദിര്‍ എന്നും ദര്‍ബാര്‍ സാഹിബ്‌ അഥവാ ദൈവത്തിന്‍റെ കോടതിയെന്നും പറയപ്പെടുന്നു.  100 k.g സ്വര്‍ണം കൊണ്ട് ഈ മന്ദിരത്തിന്‍റെ താഴികക്കുടം പൊതിഞ്ഞു കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഏകദേശം ഈ പുണ്യക്ഷേത്രം പൂര്‍ണമായും സ്വര്‍ണ്ണതകിടുകളാല്‍ പൊതിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ദര്‍ശനം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. ഭക്തര്‍ക്ക്‌ സൗജന്യമായി പാര്‍പ്പിടസൗകര്യങ്ങള്‍ കിട്ടും. ടെമ്പിളില്‍ നിന്ന് 24 മണിക്കൂറും പുണ്യ ഗ്രന്ഥ പാരായണം ക്ഷേത്രത്തിന്‍റെ അകത്തുനിന്നും കേള്‍ക്കാം. ക്ഷേത്രത്തിന്‍റെ ഉള്‍വശം കടന്നുചെല്ലണമെങ്കില്‍ ഗുരുദ്വാരാചാരങ്ങള്‍ പാലിക്കണം. അതായത് കാലു കഴുകി മാത്രമേ ഉള്ളിലേക്കു കയറാന്‍ പാടുള്ളൂ. കാലില്‍ സോക്ക്സ് ധരിക്കാന്‍ പാടില്ല. ക്ഷേത്രദര്‍ശന വേളയില്‍ തലയില്‍ തൂവാല കൊണ്ടോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ തലമറച്ചുവെച്ചിരിക്കണമെന്നു നിര്‍ബന്ധമാണ്‌. ചെരുപ്പും മറ്റു സാധനങ്ങളും വെക്കുന്നതിനു സൗജന്യമായി സൗകര്യമുണ്ട്. ക്യാമറ ഉണ്ടെങ്കില്‍ പുറത്തുവച്ച് ഫോട്ടോ എടുക്കാം. ഗോള്‍ഡന്‍ ടെമ്പിളിന്‍റെ പുറത്ത് ചുറ്റും വെള്ളം ആണ്. വെള്ളത്തിന്‍റെ നടുവില്‍ ആണ് അമ്പലം. അമ്പലത്തില്‍ ഓടുന്ന ഫാന്‍ വരെ സ്വര്‍ണ്ണമാണ്. പുരുഷന്മാരും സ്ത്രീകളും തല മറച്ചുവേണം ഉള്ളില്‍ പ്രവേശിക്കുവാന്‍... .അകത്ത് ഫോട്ടോ എടുക്കാന്‍ പാടില്ല.  ‍ 24 മണിക്കൂറും ദര്‍ശനത്തിനായി ജനങ്ങള്‍ വന്നു പോയി ഇരിക്കുന്നു. അമ്പലത്തിന്‍റെ പുറത്തുള്ള ഭാഗങ്ങള്‍ എല്ലാം മാര്‍ബിള്‍ ഇട്ടിരിക്കയാണ്. പുറത്തോട്ടു നാലു ഭാഗത്തേക്കു പോകുവാന്‍ വഴി ഉണ്ട്. ദര്‍ശനം എല്ലാം കഴിഞ്ഞു 6:00 മണിക്കു തിരിച്ചെത്തി. ചായ, ബ്രേക്ക്‌ ഫാസ്റ്റ് ലോഡ്ജില്‍ വച്ചു കഴിച്ചു. 6:45നു ഡല്‍ഹിയിലേക്കു യാത്ര തിരിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനു കുരുക്ഷേത്രത്തില്‍ ആണ് ബസ്സ്‌ നിറുത്തിയത്. കുരുക്ഷേത്രം എന്നു പറയുന്നത് പുണ്യ പുരാണങ്ങളായ മഹാഭാരതത്തിലും ഭഗവത്‌ഗീതയിലും വളരെ പ്രാധാന്യമേറിയ പ്രദേശമാണ്. കൂടാതെ മനസ്മൃതി, ഋഗ്വേദം, സാമവേദം എന്നിവയിലും പത്മ-നാരദ-മത്സ്യ-വാമനപുരാണങ്ങളിലും വലിയ പ്രാധാന്യം കല്പ്പിക്കപ്പെട്ടിട്ടുള്ള പുണ്യ പ്രദേശമാണ് കുരുക്ഷേത്രം എന്നു പറയുന്നത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഇവിടെ വെച്ചായിരുന്നു പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധസമയത്ത് സുഹൃത്തായ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത്. മഹാഭാരത യുദ്ധം നടന്നതും അര്‍ജ്ജുനന്‍ ഭീഷ്മരെ ശരശയ്യയില്‍ കിടത്തിയതും ബാണ ഗംഗ എന്ന ദിവ്യസ്ത്രം പ്രയോഗിച്ചതും ഈ കുരുക്ഷേത്രത്തില്‍ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. കുരുക്ഷേത്രത്തില്‍ ശിവന്‍, ഹനുമാന്‍, ഗണപതി എന്നീ ദൈവങ്ങളുടെയെല്ലാം പ്രതിഷ്ഠകളും ഉണ്ട്. ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. 13:45നു ഭക്ഷണം കഴിച്ചു വീണ്ടും യാത്ര പുറപ്പെട്ടു. ഡല്‍ഹിയില്‍ രാത്രി 19:30നു എത്തിച്ചേര്‍ന്നു. Vista ലോഡ്ജില്‍ ആയിരുന്നു താമസം. A/C റൂം. രാത്രി ഭക്ഷണം ലോഡ്ജിന്‍റെ അടുത്തുതന്നെയുള്ള ശരവണഭവനില്‍ ഏര്‍പ്പാടുചെയ്തിരുന്നു. ലോഡ്ജിന്‍റെ അടുത്തു തന്നെയാണ് ഡല്‍ഹി കരോള്‍ മാര്‍ക്കറ്റ്‌. തുണികളും മറ്റും വാങ്ങി 22:00നു ലോഡ്ജില്‍ തിരിച്ചെത്തി.



26.7.2012 രാവിലെ 6:45നു ശരവണഭവന്‍ ഹോട്ടലില്‍ നിന്നും ചായ, ബ്രേക്ക്‌ ഫാസ്റ്റ് മുതലായവ കഴിച്ചു. വിവേകാനന്ദ ഏര്‍പ്പാടുചെയ്തിരുന്നു. അതിനുശേഷം 7:15നു കരോള്‍ ഭാഗ് ലോഡ്ജില്‍ നിന്നും ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് ബസ്സില്‍ എല്ലാവരും യാത്ര പുറപ്പെട്ടു. 7:50നു സ്റ്റേഷനില്‍ എത്തി. ലഗ്ഗേജ് എല്ലാം പോര്‍ട്ടറെ ഏല്‍പ്പിച്ച് പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചില്‍ എത്തിച്ചു. 8:45നു 2618 മംഗള എക്സ്പ്രസ്സ്‌ ട്രെയിന്‍ വന്നു. എല്ലാം അതില്‍ എടുത്തു വച്ചു. കൃത്യം 9:15നു ട്രെയിന്‍ യാത്ര പുറപ്പെട്ടു.

27.7.2012  ട്രെയിന്‍ യാത്ര തുടരുന്നു.

28.7.2012  തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ പത്ത് മണിക്ക് എത്തിച്ചേര്‍ന്നു. വീട്ടിലേക്കു ടാക്സി പിടിച്ചു. 10:25നു എത്തിച്ചേര്‍ന്നു. അതോടെ അമര്‍നാഥ് യാത്ര മംഗളമായിട്ട്തന്നെ അവസാനിച്ചു.